നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

മലയാളം ബ്ലോഗെഴുത്തുകാർക്കും അവരുടെ രചനകൾക്കും പ്രതികരണങ്ങൾക്കും ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.

‘ബ്ലോഗെഴുത്തുലോക’ത്തിന്റെ നിബന്ധനകളും മുന്നറിയിപ്പുകളും അറിയിപ്പുകളും താഴെ കൊടുക്കുന്നു. രചനകളും പ്രതികരണങ്ങളും ‘ബ്ലോഗെഴുത്തുലോക’ത്തിന് അയച്ചുതരും മുമ്പ്, താഴെക്കൊടുത്തിരിയ്ക്കുന്ന നിബന്ധനകളും മുന്നറിയിപ്പുകളും അറിയിപ്പുകളും നിർബന്ധമായും വായിച്ചിരിയ്ക്കണം; അതിനു ശേഷം മാത്രമേ, ‘ബ്ലോഗെഴുത്തുലോക’വുമായി ഇടപെടാവൂ എന്നപേക്ഷ.

അറിയിപ്പുകൾ

സൗജന്യസൃഷ്ടി   അംഗത്വം, ലോഗിൻ   പ്രസിദ്ധീകരണം   മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ചവ പുന:പ്രസിദ്ധീകരണം എണ്ണത്തിനു പരിധിയില്ല ദൈർഘ്യത്തിനു പരിധിയില്ല   പൂർണമായ പട്ടിക   രചനകളുടെ ദുരുപയോഗം   വായനക്കാരുടെ എണ്ണം ആർക്കുമുണ്ടാക്കാം സഹായിയ്ക്കാം   യൂ ആർ എല്ലുകൾ പ്രദർശിപ്പിയ്ക്കാം   ചുമതല

മുന്നറിയിപ്പുകൾ, നിബന്ധനകൾ

മുന്നറിയിപ്പുകൾ, നിബന്ധനകൾ   പരിധി   ഒരു വർഷം   ചിത്രങ്ങൾ പരിമിതം   എഡിറ്റിംഗ് അഞ്ജലി ഓൾഡ് ലിപി   ഗ്രേഡിംഗ്   സമ്മാനം   പ്രസിദ്ധീകരണാർഹമായവ   സ്വന്തം രചനകൾ മാത്രം  സത്യപ്രസ്താവന   ഉത്തരവാദിത്തം   ഈമെയിൽ ഐഡി   മലയാളം   രചനകൾ അയച്ചുതരേണ്ട വിധം   പ്രതികരണങ്ങൾ   രചനകൾ നീക്കം ചെയ്യൽ   വ്യാജനാമം വേണ്ട നാമവും തൂലികാനാമവും   പ്രതിഫലമില്ല

പ്രത്യേകതകൾ

പ്രത്യേകതകൾ   എഡിറ്റിംഗ്   ഗ്രേഡിംഗ് സമ്മാനം ഈമെയിൽ ഐഡി   രചനകളുടെ ലിസ്റ്റ്   അംഗത്വം, ലോഗിൻ   ദീർഘായുസ്സ്   സുതാര്യത   പ്രതികരണങ്ങൾ പരസ്യങ്ങളില്ല പരിധികളില്ല

അറിയിപ്പുകൾ

കഥ, കവിത, ലേഖനം എന്നീ (ഓൺലൈൻ) രചനകൾ പ്രസിദ്ധീകരിച്ചിരുന്ന പല മലയാളം ബ്ലോഗ്സൈറ്റുകളുടേയും പ്രവർത്തനം നിലച്ചുപോയിട്ടുണ്ട്. നിലനിൽക്കുന്നവയിൽത്തന്നെ ചിലതു വിരളമായി മാത്രമേ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിയ്ക്കുന്നുമുള്ളൂ. സജീവമായ ബ്ലോഗ്സൈറ്റുകളിൽ മിക്കവയും വാർത്തകൾക്കാണു പ്രാധാന്യം നൽകുന്നത്. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളുടെ നേരേ പുറം തിരിഞ്ഞു നിൽക്കുന്ന ബ്ലോഗ്സൈറ്റുകളാണിപ്പോഴധികവും. അതു കണക്കിലെടുത്ത്, കഥ, കവിത, ലേഖനം എന്നിവയെ പ്രോത്സാഹിപ്പിയ്ക്കാൻ വേണ്ടി, ജന്മമെടുത്തിരിയ്ക്കുന്ന, ഒരു ചെറിയ ബ്ലോഗ്സൈറ്റാണു ‘ബ്ലോഗെഴുത്തുലോകം’.

സൗജന്യസൃഷ്ടി

സൗജന്യമായി ചെറുബ്ലോഗ്സൈറ്റുകൾ സൃഷ്ടിയ്ക്കാൻ വേർഡ്പ്രസ്സ് ഡോട്ട് കോം, ഗൂഗിളിന്റെ ബ്ലോഗർ ഡോട്ട് കോം എന്നിവ സൗകര്യപ്പെടുത്തിയിരിയ്ക്കുന്ന സംവിധാനങ്ങളുപയോഗിച്ച്, പണം മുടക്കാതെ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നൊരു ബ്ലോഗ്സൈറ്റാണു ‘ബ്ലോഗെഴുത്തുലോകം’. ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ താളുകളിൽച്ചിലതു വേർഡ്പ്രസ്സിലാണെങ്കിൽ മറ്റു ചിലതു ബ്ലോഗറിന്റെ ബ്ലോഗ്സ്പോട്ടിലായിരിയ്ക്കും. വേർഡ്പ്രസ്സിന്റെ ബ്ലോഗുസംവിധാനം ഉപയോഗിയ്ക്കുന്ന ആറു കോടിയോളം വെബ്സൈറ്റുകൾ നിലവിലുണ്ടെന്നു വിക്കിപ്പീഡിയയിൽ കാണുന്നു. ബ്ലോഗറിന്റെ സംവിധാനമുപയോഗിച്ചും ഏതാണ്ടത്ര തന്നെ സൃഷ്ടിയ്ക്കപ്പെട്ടിട്ടുണ്ട്. ഇവയെപ്പോലെ സൗജന്യമായി ബ്ലോഗ്സൈറ്റുകൾ സൃഷ്ടിയ്ക്കാൻ അനുവദിയ്ക്കുന്ന മറ്റു ചില വെബ്സൈറ്റുകളുമുണ്ട്: ടംബ്ലർ, ഘോസ്റ്റ്, മീഡിയം, ജൂ‌മ്‌ല, വിക്സ് അങ്ങനെയങ്ങനെ. അവയെല്ലാം വിനിയോഗിയ്ക്കാൻ ‘ബ്ലോഗെഴുത്തുലോകം’ ഉദ്ദേശിയ്ക്കുന്നു. ഇത്തരം വിവിധ ‘പ്ലാറ്റ്ഫോമു’കളിലുള്ള താളുകളെയെല്ലാം കൂട്ടിയിണക്കുകയും ഏകോപിപ്പിയ്ക്കുകയും ചെയ്തുകൊണ്ട്, ചുരുങ്ങിയതൊരു രണ്ടായിരം രചനകളെയെങ്കിലും ഒരേ സമയം ഉൾക്കൊള്ളാൻ ‘ബ്ലോഗെഴുത്തുലോക’ത്തിനാകും എന്നാണു വിശ്വാസം.

അംഗത്വം, ലോഗിൻ

പല മലയാളം ബ്ലോഗ്സൈറ്റുകളിലും സ്വന്തം രചനകൾ പ്രസിദ്ധീകരിയ്ക്കുകയും അന്യരുടെ രചനകൾ വായിയ്ക്കുകയും ചെയ്യണമെങ്കിൽ, അവയിൽ അംഗമായിച്ചേരുകയും ലോഗിൻ ചെയ്യുകയും ചെയ്യേണ്ടി വരുന്നുണ്ട്. ‘ബ്ലോഗെഴുത്തുലോക’ത്തിൽ ഇവ രണ്ടും ആവശ്യമില്ല. ലോകത്തിന്റെ ഏതു കോണിലിരുന്നും ആർക്കും എപ്പോഴും, ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു രചനകൾ അയയ്ക്കുകയും, ‘ബ്ലോഗെഴുത്തുലോക’ത്തിലെ രചനകൾ സ്വതന്ത്രമായി വായിയ്ക്കുകയും ചെയ്യാം.

പ്രസിദ്ധീകരണം

പ്രസിദ്ധീകരണത്തിനായി കിട്ടുന്ന രചനകൾ അപ്പപ്പോൾ പ്രസിദ്ധീകരിയ്ക്കാനാണുദ്ദേശം. പ്രസിദ്ധീകരണത്തിനായി ഒരു രചന അയച്ചുകിട്ടിയ ഉടൻ താഴെപ്പറയുന്ന കാര്യങ്ങൾ രചയിതാവിനെ അറിയിയ്ക്കുന്നതാണ്: (1) രചന കൈപ്പറ്റിയ കാര്യം. (2) രചന പ്രസിദ്ധീകരണാർഹമെന്നു കാണുന്നുണ്ടെങ്കിൽ അക്കാര്യം. (3) രചന പ്രസിദ്ധീകരിയ്ക്കാനിടയുള്ള ഏകദേശത്തീയതി. രചന പ്രസിദ്ധീകരിച്ചു കഴിഞ്ഞയുടൻ അക്കാര്യവും രചയിതാവിനെ അറിയിയ്ക്കുന്നതാണ്. രചന പ്രസിദ്ധീകരണാർഹമല്ലെന്നു കാണുന്നുണ്ടെങ്കിൽ അക്കാര്യവും രചയിതാവിനെ അറിയിയ്ക്കുന്നതാണ്.

മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ചവ

മാതൃഭൂമി (അച്ചടിച്ച) വാരിക രണ്ടു ലക്ഷത്തിലേറെപ്പേർ വായിയ്ക്കാറുണ്ടെന്ന് ഇന്ത്യൻ റീഡർഷിപ്പ് സർവേ ഫലത്തിൽ കണ്ടിരുന്നു. മലയാളം ബ്ലോഗ്സൈറ്റുകളിലാകട്ടെ, ഒരു ബ്ലോഗിന്റെ ശരാശരി വായന ഇരുനൂറിലധികം വരാറില്ല. മാതൃഭൂമി വാരികയ്ക്കുള്ള രണ്ടു ലക്ഷം വായനയുമായി താരതമ്യം ചെയ്യുമ്പോൾ ബ്ലോഗിന്റെ ഇരുനൂറ് തുച്ഛമാണ്. ബ്ലോഗെഴുത്തു തുടർന്നുകൊണ്ടു പോകാനുള്ള ആവേശം പകരാനതു മതിയായതുമല്ല. ബ്ലോഗെഴുത്തിനു പ്രതിഫലമില്ലെന്നതോ പോകട്ടെ, ബ്ലോഗിനു വായനക്കാരുമില്ലെങ്കിൽപ്പിന്നെ എന്തിനു ബ്ലോഗെഴുതണം! അതുകൊണ്ടു ബ്ലോഗർമാരിൽ ഭൂരിഭാഗവും തങ്ങളുടെ രചനകൾ പ്രസിദ്ധീകരണത്തിനായി ഒന്നിലേറെ ബ്ലോഗ്സൈറ്റുകൾക്ക് അയച്ചുകൊടുക്കുന്നതു പതിവാണ്. രചനകൾ കൂടുതൽ വായിയ്ക്കപ്പെടാനതു സഹായകമാകും.

മുമ്പെവിടേയും പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടില്ലാത്ത രചനകൾ മാത്രമേ തങ്ങൾ പ്രസിദ്ധീകരിയ്ക്കൂ എന്നു ചില മലയാളം ബ്ലോഗ്സൈറ്റുകൾ ശഠിയ്ക്കാറുണ്ട്. രചനകൾക്കു പ്രതിഫലം നൽകൽ അത്തരം കർക്കശനിലപാടിന്റെ അനുപേക്ഷണീയമായ അനുബന്ധമാകേണ്ടതാണ്. എന്നാലവർ പ്രതിഫലമൊട്ടു കൊടുക്കുന്നുമില്ല. ആ നിലപാടു നീതിപൂർവകമല്ലെന്നാണു ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ അഭിപ്രായം. ‘ബ്ലോഗെഴുത്തുലോകം’ രചയിതാക്കൾക്കു പ്രതിഫലം കൊടുക്കുന്നില്ലാത്തതുകൊണ്ട്, മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞ രചനകൾ പ്രസിദ്ധീകരിയ്ക്കാൻ ‘ബ്ലോഗെഴുത്തുലോക’ത്തിനു യാതൊരു വൈമനസ്യവുമില്ല.

പുന:പ്രസിദ്ധീകരണം

‘ബ്ലോഗെഴുത്തുലോക’ത്തിൽ തത്സമയം നിലവിലില്ലാത്തൊരു രചന, ഒരിയ്ക്കൽ ‘ബ്ലോഗെഴുത്തുലോക’ത്തിൽ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണെങ്കിൽ പോലും, പുന:പ്രസിദ്ധീകരിയ്ക്കാൻ ‘ബ്ലോഗെഴുത്തുലോകം’ തയ്യാറാണ്. പല രചനകളും ആവർത്തിച്ചുള്ള വായന അർഹിയ്ക്കുന്നവയായിരിയ്ക്കാം.

എണ്ണത്തിനു പരിധിയില്ല

‘ബ്ലോഗെഴുത്തുലോകം’ ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിയ്ക്കാനുദ്ദേശിച്ചുള്ള ബ്ലോഗ്സൈറ്റാകയാൽ, ഒരു നിശ്ചിതകാലയളവിനുള്ളിൽ ഒരു ബ്ലോഗറുടെ ഒന്നോ ഒരു നിശ്ചിത എണ്ണമോ രചനകൾ മാത്രമേ പ്രസിദ്ധീകരിയ്ക്കൂ എന്ന നിബന്ധന ‘ബ്ലോഗെഴുത്തുലോക’ത്തിനില്ല. ഒന്നായോ തുടരെത്തുടരെയോ അയച്ചുകിട്ടുന്ന ഒന്നിലധികം രചനകളുടെ പ്രസിദ്ധീകരണം ഓരോന്നായിട്ടായിരിയ്ക്കും എന്നു മാത്രം. അതു രചനകളുടെ ലഭ്യതയ്ക്കനുസൃതമായി തുടരെത്തുടരെയാകാം, ഇടവിട്ടിടവിട്ടുമാകാം. കഴിവതും വേഗം, നിബന്ധനകൾക്കനുസൃതമായി, പ്രസിദ്ധീകരിയ്ക്കുകയാണു ലക്ഷ്യം.

ദൈർഘ്യത്തിനു പരിധിയില്ല

വേർഡ്പ്രസ്സും ബ്ലോഗറും രചനകളുടെ ദൈർഘ്യത്തിനു പരിധി നിഷ്‌കർഷിച്ചിരിയ്ക്കുന്നതായി കണ്ടിട്ടില്ല. അവർ നിഷ്‌കർഷിയ്ക്കാത്തിടത്തോളം, ‘ബ്ലോഗെഴുത്തുലോക’വും രചനകളുടെ ദൈർഘ്യത്തിനു പരിധി നിഷ്‌കർഷിയ്ക്കുന്നില്ല. രചയിതാക്കൾ മതിവരുവോളം എഴുതുക തന്നെ വേണം.

പൂർണമായ പട്ടിക

‘ബ്ലോഗെഴുത്തുലോക’ത്തിൽ നിലവിലുള്ള രചനകളുടെ പൂർണമായൊരു പട്ടിക ബ്ലോഗ്സൈറ്റിന്റെ ഒരു പേജിൽ സദാ ലഭ്യമാക്കുന്നതാണ്. ‘ബ്ലോഗെഴുത്തുലോക’ത്തിൽ നിലവിലുള്ള ഏതൊരു രചനയും ഒരു ക്ലിക്കു മാത്രം കൊണ്ടു വായിയ്ക്കാൻ ഇതു സഹായകമാകും.

രചനകളുടെ ദുരുപയോഗം

പ്രസിദ്ധീകരണത്തിനായി ‘ബ്ലോഗെഴുത്തുലോക’ത്തിന് അയച്ചുകിട്ടുന്ന രചനകളെ ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കാൻ വേണ്ടിയല്ലാതെ, മറ്റു കാര്യങ്ങൾക്കായി ‘ബ്ലോഗെഴുത്തുലോകം’ ഉപയോഗിയ്ക്കുകയില്ല. രചനകളെ ‘ബ്ലോഗെഴുത്തുലോകം’ ദുരുപയോഗം ചെയ്യുകയില്ല എന്നർത്ഥം.

വായനക്കാരുടെ എണ്ണം

കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിയ്ക്കുന്ന, വാർത്തകൾക്കു വലുതായ പ്രാധാന്യം നൽകാത്ത മലയാളം ബ്ലോഗ്സൈറ്റുകളിൽ വായനക്കാർ വിരളമാണ്; ബ്ലോഗർമാരാണ് അവിടങ്ങളിലെ സന്ദർശകരിൽ കൂടുതലും. തുടക്കത്തിൽ ‘ബ്ലോഗെഴുത്തുലോക’ത്തിലെ സ്ഥിതിയും വ്യത്യസ്തമാവില്ല. പക്ഷേ, സാമൂഹ്യമൂല്യവും അക്ഷരശുദ്ധിയുമുള്ള രചനകൾ തുടർച്ചയായി കാഴ്‌ച വയ്ക്കാനായാൽ ക്രമേണ വായനക്കാരുടെ എണ്ണമുയരുമെന്നാണു ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ വിശ്വാസം. ‘ബ്ലോഗെഴുത്തുലോക’ത്തിലെ രചനകൾ വായിയ്ക്കാൻ ലോഗിൻ ആവശ്യമില്ലെന്നത് അനായാസവായന സാദ്ധ്യമാക്കും. ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന രചനകളെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അനായാസം ‘ഷെയർ’ ചെയ്യാനാകും. രചയിതാക്കൾക്കും വായനക്കാരും രചനകൾ ഷെയർ ചെയ്യുമ്പോൾ വായനക്കാരുടെ എണ്ണം വർദ്ധിയ്ക്കും.

ആർക്കുമുണ്ടാക്കാം

വേർഡ്പ്രസ്സ്, ബ്ലോഗർ എന്നിവയുടെ സൗജന്യ സംവിധാനങ്ങളുപയോഗിച്ച്, ‘ബ്ലോഗെഴുത്തുലോകം’ പോലുള്ള ബ്ലോഗ്സൈറ്റുകൾ ആർക്കും അനായാസം സൃഷ്ടിയ്ക്കാനാകും. മലയാളം ബ്ലോഗർമാർ ഇത്തരം ബ്ലോഗ്സൈറ്റുകൾ സൃഷ്ടിയ്ക്കുകയും, രചനകൾ പരസ്പരം പ്രസിദ്ധപ്പെടുത്തുകയും വേണമെന്നാണു ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ അഭിപ്രായം. വാസ്തവത്തിൽ ആശയപ്രകാശനസ്വാതന്ത്ര്യത്തിന്റെ പ്രകടോദാഹരണങ്ങളാണു ബ്ലോഗുകൾ. മലയാളം ബ്ലോഗെഴുത്തിന്റെ വളർച്ചയോടൊപ്പം സമൂഹത്തിന്റെ സാംസ്കാരികവളർച്ചയും അതു ത്വരിതപ്പെടുത്തും.

സഹായിയ്ക്കാം

വേർഡ്പ്രസ്സ്, ബ്ലോഗർ, ടംബ്ലർ, മീഡിയം എന്നീ മാദ്ധ്യമങ്ങളുപയോഗിച്ചു ചെറു ബ്ലോഗ്സൈറ്റുകളുണ്ടാക്കാൻ ആർക്കും സാധിയ്ക്കുമെങ്കിലും, സമയവും സൗകര്യവും കിട്ടാത്തതു മൂലം പലർക്കും അതിനു കഴിയാതെ പോകുന്നുണ്ടാകും. മേൽപ്പറഞ്ഞ മാദ്ധ്യമങ്ങളിൽ സൗജന്യമായി അനുവദനീയമായ ചെറു ബ്ലോഗ്സൈറ്റുകളുണ്ടാക്കിക്കൊടുക്കാൻ ബ്ലോഗർമാർ അഭ്യർത്ഥിച്ചാൽ, ‘ബ്ലോഗെഴുത്തുലോകം’ അഭ്യർത്ഥന അനുഭാവപൂർവം പരിഗണിയ്ക്കുന്നതാണ്.

യൂ ആർ എല്ലുകൾ പ്രദർശിപ്പിയ്ക്കാം

നിരവധി രചയിതാക്കൾക്ക് ഇപ്പോൾത്തന്നെ വേർഡ്പ്രസ്സ്, ബ്ലോഗർ എന്നിവയിൽ സ്വന്തം ബ്ലോഗ്സൈറ്റുകളുണ്ട്, അവയിൽ അവർ സ്വന്തം രചനകളും പ്രദർശിപ്പിയ്ക്കുന്നുമുണ്ട്. എന്നാലവയിൽപ്പലതിനും വായനക്കാർ കുറവായിരിയ്ക്കും. സ്വന്തം വേർഡ്പ്രസ്സ്/ബ്ലോഗ്സ്പോട്ട് ബ്ലോഗുകളുടെ യൂ ആർ എല്ലുകൾ രചയിതാക്കൾ അയച്ചുതന്നാൽ, വായനായോഗ്യമെന്നു കാണുന്ന രചനകളുടെ യൂ ആർ എല്ലുകൾ ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രദർശിപ്പിയ്ക്കുന്നതാണ്.

ചുമതല:

‘ബ്ലോഗെഴുത്തുലോക’ത്തിന്റെ ചുമതല താഴെപ്പറയുന്ന വ്യക്തിയുടേതാണ്:

സുനിൽ എം എസ്,
മുതിരപ്പറമ്പിൽ, മടപ്ലാതുരുത്ത്,
മൂത്തകുന്നം പി ഓ, പിൻ കോഡ് 683516.

കഴിഞ്ഞ ആറു വർഷത്തിനിടയിൽ ശ്രീ സുനിലിന്റെ നൂറിലേറെ ബ്ലോഗുകൾ ഒരു ഡസനിലേറെ ബ്ലോഗ്സൈറ്റുകളിലായി പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.

മുന്നറിയിപ്പുകൾ, നിബന്ധനകൾ

പരിധി

സൗജന്യങ്ങൾക്കു പരിധികളുണ്ടാകുക സ്വാഭാവികമാണ്. വേർഡ്പ്രസ്സിലും ബ്ലോഗറിലും പരിധികളുണ്ട്. അവർ നിഷ്‌കർഷിച്ചിരിയ്ക്കുന്ന പരിധികളെല്ലാം ‘ബ്ലോഗെഴുത്തുലോക’ത്തിനു ബാധകമാണെന്ന വസ്തുത മറച്ചു വയ്ക്കുന്നില്ല. ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ അസ്തിത്വവും വേർഡ്പ്രസ്സിനേയും ബ്ലോഗറേയും ആശ്രയിച്ചിരിയ്ക്കുന്നതിനാൽ, വേർഡ്പ്രസ്സിന്റേയും ബ്ലോഗറുടേയും വ്യവസ്ഥകൾ പ്രതികൂലമായിത്തീർന്നാലുടൻ ‘ബ്ലോഗെഴുത്തുലോകം’ പ്രവർത്തനം നിറുത്തുകപോലും ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇവിടെ രേഖപ്പെടുത്താതെ നിവൃത്തിയില്ല.

ഒരു വർഷം

പുതിയ രചനകൾക്ക് അവസരം നൽകുന്നതിനിടെ വേർഡ്പ്രസ്സിന്റേയും ബ്ലോഗറിന്റേയും പരിധികൾ ലംഘിയ്ക്കാതിരിയ്ക്കാൻ വേണ്ടി, ഒരു നിശ്ചിതകാലയളവു തികച്ചുകഴിഞ്ഞ രചനകൾ ഓരോന്നായി നീക്കം ചെയ്യുന്നതാണ്. നിശ്ചിതകാലയളവിന്റെ ദൈർഘ്യം, പ്രസിദ്ധീകരിയ്ക്കപ്പെടുന്ന രചനകളുടെ എണ്ണത്തേയും ‘ഭാര’ത്തേയും (കിലോബൈറ്റ്) ആശ്രയിച്ചിരിയ്ക്കുന്നു. മലയാളം ബ്ലോഗ്സൈറ്റുകളിൽ കാണാറുള്ള രചനകളുടെ ശരാശരി എണ്ണവും ‘ഭാര’വും കണക്കിലെടുത്താൽ, ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന ഓരോ രചനയ്ക്കും ചുരുങ്ങിയത് 52 ആഴ്ചയെങ്കിലും ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ താളുകളിൽ നിലനിൽക്കാനാകുമെന്നാണു പ്രതീക്ഷ. അല്പകാലത്തെ പ്രവർത്തനഫലത്തിൽ നിന്നു മാത്രമേ, ചിത്രം വ്യക്തമാകുകയുള്ളൂ. തൽക്കാലം, ‘ബ്ലോഗെഴുത്തുലോക’ത്തിൽ തുടർച്ചയായി 52 ആഴ്ച തികയ്ക്കുന്ന ഓരോ രചനയും അതു തികച്ചയുടൻ നീക്കം ചെയ്യപ്പെടുന്നതാണെന്നു മാത്രം പറയാം. 52 ആഴ്ചയെന്ന പരിധിയെ 104 ആഴ്ചയായി ഉയർത്താനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടിട്ടുമുണ്ട്.

ചിത്രങ്ങൾ പരിമിതം

രചനകളിൽ ചേർക്കാനായി അയച്ചുകിട്ടുന്ന ചിത്രങ്ങളിൽ പ്രസക്തി കുറഞ്ഞതെന്നു തോന്നിപ്പിയ്ക്കുന്നവ പ്രസിദ്ധീകരിയ്ക്കപ്പെട്ടില്ലെന്നു വരാം. ബ്ലോഗ്സൈറ്റിന്റെ ആകെ ‘ഭാരം’ ക്രമാതീതമായി വർദ്ധിയ്ക്കാതിരിയ്ക്കാൻ വേണ്ടിയാണിത്.

എഡിറ്റിംഗ്

മലയാളം ബ്ലോഗുകൾ നിലവിൽ വന്നിട്ട് ഒരു പതിറ്റാണ്ടോളമാകാറായെങ്കിലും, മലയാളം ബ്ലോഗ്സൈറ്റുകളിൽ അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും ഇന്നും കാണാറുണ്ട്. മലയാളം ബ്ലോഗ്സൈറ്റുകൾക്ക് അച്ചടിമാദ്ധ്യമങ്ങളോടു കിട പിടിയ്ക്കാനായിട്ടില്ലാത്തതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഇതാണ്. മിക്ക മലയാളം ബ്ലോഗ്സൈറ്റുകളിലും എഡിറ്റിംഗിനുള്ള സംവിധാനമില്ലെന്നാണറിവ്. ‘ബ്ലോഗെഴുത്തുലോക’മാകട്ടെ, എഡിറ്റിംഗിനു വിധേയമാക്കിയ ശേഷമേ ‘ഓരോ രചനയും പ്രസിദ്ധീകരിയ്ക്കൂ. ചിഹ്നങ്ങളുടെ ഉപയോഗം, ഖണ്ഡിക തിരിയ്ക്കൽ, ഇവയെല്ലാം എഡിറ്റിംഗിനു വിധേയമാകും. കഴിവതും അച്ചടിച്ച മാതൃഭൂമി വാരികയിലേതിനു സമാനമായ, ശ്രേഷ്ഠമായ മലയാളം തന്നെ അവതരിപ്പിയ്ക്കുകയാണു ലക്ഷ്യം. എഡിറ്റിംഗിനിടയിൽ രചനകളുടെ ആശയത്തിൽ വ്യതിയാനങ്ങളുണ്ടായിപ്പോകാതിരിയ്ക്കാൻ ശ്രദ്ധ വയ്ക്കുകയും ചെയ്യും.

അഞ്ജലി ഓൾഡ് ലിപി

‘ബ്ലോഗെഴുത്തുലോക’ത്തിന്റെ എല്ലാ താളുകളിലും ‘അഞ്ജലി ഓൾഡ് ലിപി’യെന്നൊരു യൂണിക്കോഡ് ഫോണ്ടുപയോഗിയ്ക്കാനുദ്ദേശിയ്ക്കുന്നതുകൊണ്ട്, രചനകളെ അഞ്ജലി ഓൾഡ് ലിപിയിലേയ്ക്കു പരിവർത്തിപ്പിച്ച ശേഷമായിരിയ്ക്കും പ്രസിദ്ധീകരിയ്ക്കുന്നത്. ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരണത്തിനായി രചനകൾ അയച്ചു തരുന്നവർ, തങ്ങളുടെ കമ്പ്യൂട്ടറുകളിൽ ‘അഞ്ജലി ഓൾഡ് ലിപി’ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുന്നതു നന്നായിരിയ്ക്കും; ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന രചനകൾ വൈകല്യങ്ങൾ കൂടാതെ ബ്രൗസറിൽ പ്രത്യക്ഷപ്പെടാൻ ഇതു സഹായകമാകും.

ഗ്രേഡിംഗ്

പല മലയാളം ബ്ലോഗ്സൈറ്റുകളിലും ആയിരക്കണക്കിനു രചനകൾ പോസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. അവയിലനേകം ഉന്നതനിലവാരം പുലർത്തുന്നവയുമായിരുന്നിരിയ്ക്കണം. എങ്കിലും, അവയ്ക്കൊന്നും ബ്ലോഗ്സൈറ്റുകൾ യാതൊരംഗീകാരവും നൽകിയതായി കണ്ടിട്ടില്ല. മത്സരങ്ങളുടെ ഭാഗമല്ലാതെ പോസ്റ്റു ചെയ്യപ്പെട്ട രചനകളുടെ കാര്യമാണിവിടത്തെ പരാമർശം. ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന ഓരോ രചനയ്ക്കും ‘ബ്ലോഗെഴുത്തുലോകം’ ‘ഏ’, ‘ബി’, ‘സി’ എന്നീ ഗ്രേഡുകളിൽ ഏതെങ്കിലുമൊന്നു നൽകാനുദ്ദേശിയ്ക്കുന്നു. ഇവയിൽ ഏറ്റവുമുയർന്നതു ‘സീ’യും, ഏറ്റവും താഴ്‌ന്നതു ‘ഏ’യും ആയിരിയ്ക്കും. രചനകളുടെ ലിസ്റ്റിൽ ഗ്രേഡു സൂചിപ്പിച്ചിട്ടുമുണ്ടാകും. ആശയമഹിമ, ആശയവ്യക്തത, ഭാഷാസൗകുമാര്യം എന്നിവയായിരിയ്ക്കും ഗ്രേഡിംഗിനായി വിലയിരുത്തപ്പെടുന്ന മുഖ്യഘടകങ്ങൾ.

സമ്മാനം

‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന ഓരോ നിശ്ചിത എണ്ണം രചനകളിൽ നിന്നും ഏറ്റവും നല്ലതു തെരഞ്ഞെടുക്കാനും, ഇത്തരത്തിൽ ഏറ്റവും നല്ലതായി തെരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് ഒരു നിശ്ചിത തുക സമ്മാനമായി നൽകാനും ഉദ്ദേശിയ്ക്കുന്നു. ഓരോ പത്തു രചനകളിൽ നിന്നും ഒരെണ്ണം, സമ്മാനത്തുക നൂറു രൂപ എന്നീ നിരക്കുകളായിരിയ്ക്കും ആദ്യത്തെ ഇരുനൂറു രചനകൾ വരെ നിലവിലുണ്ടാകുക. ഇരുനൂറു രചനകൾക്കു ശേഷം, പദ്ധതിയുടെ തുടർച്ചയെപ്പറ്റിയുള്ള തീരുമാനമെടുക്കുന്നതായിരിയ്ക്കും. സമ്മാനത്തുകയായ നൂറു രൂപ സമ്മാനപ്രഖ്യാപനത്തെ തുടർന്നുള്ള ഏഴു ദിവസത്തിനകം, നെഫ്റ്റ്, മണിഓർഡർ എന്നിവയ്ക്കാവശ്യമുള്ള വിവരങ്ങൾ ലഭിച്ച ശേഷം, അവയിലേതെങ്കിലും വഴി അയയ്ക്കുന്നതായിരിയ്ക്കും.

പ്രസിദ്ധീകരണാർഹമായവ

ബ്ലോഗെഴുത്തുകാരെ കഴിവതും പ്രോത്സാഹിപ്പിയ്ക്കുന്ന നിലപാടെടുക്കാനാണു ‘ബ്ലോഗെഴുത്തുലോക’ത്തിന്നാഗ്രഹം. എങ്കിലും, പ്രസിദ്ധീകരണാർഹമെന്നു ‘ബ്ലോഗെഴുത്തുലോക’ത്തിനു ബോദ്ധ്യപ്പെടുന്ന രചനകൾ മാത്രമേ പ്രസിദ്ധീകരിയ്ക്കുകയുള്ളൂ. നിലവാരമുള്ള രചനകളിൽക്കൂടി മാത്രമേ വായനക്കാരെ ആകർഷിയ്ക്കാനും ബ്ലോഗെഴുത്തിനും രചയിതാക്കൾക്കും വളരാനുമാകൂ. സാമൂഹ്യവിരുദ്ധത, ജാതി-മത-വർഗവിദ്വേഷം, അസഭ്യത, വ്യക്തിപരമായ അവഹേളനം/ആരോപണം എന്നിവയുണ്ടെന്നു തോന്നുന്ന രചനകൾ ‘ബ്ലോഗെഴുത്തുലോകം’ പ്രസിദ്ധീകരിയ്ക്കുന്നതല്ല. രാഷ്ട്രീയലേഖനങ്ങൾക്കു ‘ബ്ലോഗെഴുത്തുലോക’ത്തിൽ തടസ്സമുണ്ടാവില്ല.

സ്വന്തം രചനകൾ മാത്രം

‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരണത്തിനായി രചനകൾ അയച്ചുതരുന്നവർ സ്വന്തം രചനകൾ മാത്രമേ അയച്ചു തരാവൂ. സ്വന്തമല്ലാത്ത രചനകൾ അയച്ചുതരരുത്. ഒരു രചനയിൽ അന്യർക്ക് അവകാശമുണ്ടെന്നോ, രചന അന്യരുടേതെന്നോ ഉള്ള പരാതിയോ തർക്കമോ ഉന്നയിയ്ക്കപ്പെട്ടാൽ, ‘ബ്ലോഗെഴുത്തുലോകം’ അന്വേഷണത്തിനു മുതിരാതെ തന്നെ, ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ താളുകളിൽ നിന്നു രചനയെ നീക്കം ചെയ്തെന്നു വരാം.

സത്യപ്രസ്താവന

രചന അയച്ചുതരുന്ന ഈമെയിലിൽ താഴെക്കൊടുക്കുന്ന സത്യപ്രസ്താവനയുണ്ടായിരിയ്ക്കണം:

“ഇതോടൊപ്പമയയ്ക്കുന്ന രചന എന്റെ സ്വന്തം രചനയാണ്; അതിൽ മറ്റാർക്കും യാതൊരവകാശവുമില്ല.”

ഉത്തരവാദിത്തം

‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന രചനകളുടേയും പ്രതികരണങ്ങളുടേയുമെല്ലാം പൂർണ ഉത്തരവാദിത്തം അവ പ്രസിദ്ധീകരണത്തിനായി അയച്ചുതന്നവരുടേതായിരിയ്ക്കും; ‘ബ്ലോഗെഴുത്തുലോക’ത്തിന് രചനകളുടേയും പ്രതികരണങ്ങളുടേയും ഉത്തരവാദിത്തമുണ്ടാകുന്നതല്ല. രചനകളിലും പ്രതികരണങ്ങളിലുമുള്ള ആശയങ്ങളും അഭിപ്രായങ്ങളുമെല്ലാം, രചയിതാക്കളുടേതായിരിയ്ക്കും, അവ ‘ബ്ലോഗെഴുത്തുലോക’ത്തിന്റേതായിരിയ്ക്കില്ല.

ഈമെയിൽ ഐഡി

ശ്രദ്ധിയ്ക്കുക: ഒരു രചന  പ്രസിദ്ധീകരിയ്ക്കുമ്പോൾ, അത് ഏത് ഈമെയിൽ ഐഡിയിൽ നിന്ന് അയച്ചുകിട്ടിയോ ആ ഈമെയിൽ ഐഡിയും രചനയുടെ ശീർഷകത്തോടും രചയിതാവിന്റെ പേരിനോടുമൊപ്പം പ്രസിദ്ധീകരിയ്ക്കുന്നതാണ്.

മലയാളം

ദശലക്ഷക്കണക്കിന് ഇംഗ്ലീഷ് ബ്ലോഗ്സൈറ്റുകൾ നിലവിലുണ്ട്. അവയുമായി തുലനം ചെയ്യുമ്പോൾ മലയാളം ബ്ലോഗ്സൈറ്റുകളുടെ എണ്ണം നിസ്സാരമാണ്. മലയാളം ബ്ലോഗെഴുത്ത് ഇനിയുമേറെ വളരേണ്ടിയിരിയ്ക്കുന്നു. അതുകൊണ്ട്, ‘ബ്ലോഗെഴുത്തുലോകം’ മലയാളം രചനകളാണു തൽക്കാലം പ്രസിദ്ധീകരിയ്ക്കുക.

രചനകൾ അയച്ചു തരേണ്ട വിധം

സ്വന്തം രചനകൾ ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിച്ചുകാണാനാഗ്രഹിയ്ക്കുന്ന രചയിതാക്കൾ അവ (മുകളിൽ സൂചിപ്പിച്ചിരിയ്ക്കുന്ന സത്യപ്രസ്താവനയോടൊപ്പം) ഈമെയിലായി താഴെക്കൊടുക്കുന്ന ഈമെയിൽ ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് അയച്ചുതരേണ്ടതാണ്:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

രചനകൾ ഈമെയിലിൽത്തന്നെ ടൈപ്പുചെയ്ത് അയയ്ക്കുക.

രചനകളിൽ ചിത്രങ്ങൾ ചേർക്കേണ്ടതുണ്ടെങ്കിൽ അവ രണ്ടു രീതിയിൽ അയയ്ക്കാവുന്നതാണ്:

(1) ഈമെയിലിൽത്തന്നെ, അതാതുസ്ഥലങ്ങളിൽ പേസ്റ്റു ചെയ്തയയ്ക്കാൻ സാധിയ്ക്കുന്നെങ്കിൽ അപ്രകാരം ചെയ്യുക.

(2) ഈമെയിലിനോട് ‘അറ്റാച്ചു’ ചെയ്തയയ്ക്കുക. ഈമെയിലിനോട് അറ്റാച്ചുചെയ്തയയ്ക്കുമ്പോൾ, ഏതെല്ലാം ചിത്രങ്ങൾ രചനയിൽ എവിടെയെല്ലാമാണ് ഉണ്ടാകേണ്ടതെന്നു രചനയിലും ചിത്രങ്ങളിലും അടയാളപ്പെടുത്തിയിരിയ്ക്കണം. ഉദാഹരണം: ചിത്രം 1, ചിത്രം 2…

കൈകൊണ്ടു കടലാസ്സിൽ വ്യക്തമായെഴുതിയ രചനകളുടെ സ്കാൻ ഈമെയിലോടൊപ്പം അയച്ചുതന്നാലും മതിയാവുന്നതാണ്.

പ്രതികരണങ്ങൾ

രചയിതാക്കളുടെ ഈമെയിൽ ഐഡി രചനകളോടൊപ്പം പ്രസിദ്ധീകരിയ്ക്കുന്നതുകൊണ്ട്, രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഈമെയിലിലൂടെ രചയിതാക്കളെ വായനക്കാർക്കു നേരിട്ടറിയിയ്ക്കാവുന്നതാണ്. എങ്കിലും, പ്രതികരണങ്ങളും ബ്ലോഗെഴുത്തുലോകത്തിൽ പ്രസിദ്ധീകരിയ്ക്കാവുന്നതാണ്. രചനകൾ അയച്ചുതരുന്ന അതേ വിധത്തിൽ, ഈമെയിലായി, പ്രതികരണങ്ങളും അയച്ചുതരണം. പ്രതികരണങ്ങളും എഡിറ്റിംഗിനു വിധേയമാക്കി, അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും തിരുത്തിയ ശേഷമാണു പ്രസിദ്ധപ്പെടുത്തുക. പ്രസിദ്ധീകരണാർഹമെന്നു ബോദ്ധ്യപ്പെടുന്ന പ്രതികരണങ്ങളും പ്രതികരണഭാഗങ്ങളും മാത്രമേ, പ്രസിദ്ധീകരിയ്ക്കുകയുള്ളൂ.

രചനകൾ നീക്കം ചെയ്യൽ

‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞൊരു രചന നീക്കം ചെയ്യണമെന്ന് അതിന്റെ രചയിതാവു ‘ബ്ലോഗെഴുത്തുലോക’ത്തോട് ആവശ്യപ്പെടുന്ന പക്ഷം ആ രചന അതനുസരിച്ച്, അതിനടുത്ത ഏതാനും പ്രവൃത്തിദിവസങ്ങൾക്കകം നീക്കം ചെയ്യുന്നതാണ്.

വ്യാജനാമം വേണ്ട

മലയാളം ബ്ലോഗ്സൈറ്റുകളിൽ വ്യാജനാമങ്ങൾ ധാരാളമായുണ്ട്. ഇത് ഓൺലൈൻ വ്യക്തിത്വങ്ങളുടെ വിശ്വാസ്യത തന്നെ നശിപ്പിയ്ക്കുന്നു. വ്യാജനാമങ്ങളെ പ്രോത്സാഹിപ്പിയ്ക്കാൻ ‘ബ്ലോഗെഴുത്തുലോകം’ ആഗ്രഹിയ്ക്കുന്നില്ല. ഒരു രചനയുടെ രചയിതാവിന്റെ പേരു വ്യാജമാണെന്നു തോന്നിയാൽ, ‘ബ്ലോഗെഴുത്തുലോകം’ ആ രചന പ്രസിദ്ധീകരിച്ചില്ലെന്നു വരാം.

നാമവും തൂലികാനാമവും

ഒരു രചന ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കാൻ രചയിതാവിന്റെ പൂർണനാമം, ഈമെയിൽ ഐഡി എന്നിവ രചനയോടൊപ്പം കിട്ടിയിരിയ്ക്കണം. തൂലികാനാമം ഉപയോഗിയ്ക്കുന്നവർ സ്വന്തം പേരിനോടും ഈമെയിൽ ഐഡിയോടുമൊപ്പം തൂലികാനാമവും തരണമെന്നു മാത്രമല്ല, രചന പ്രസിദ്ധീകരിയ്ക്കുമ്പോൾ നാമത്തിനു പകരം തൂലികാനാമം പ്രദർശിപ്പിയ്ക്കണം എന്നു പ്രത്യേകം അഭ്യർത്ഥിയ്ക്കുകയും ചെയ്തിരിയ്ക്കണം. അഭ്യർത്ഥനയില്ലാത്ത പക്ഷം, തൂലികാനാമം പ്രദർശിപ്പിയ്ക്കുന്നതല്ല.

പ്രതിഫലമില്ല

‘ബ്ലോഗെഴുത്തുലോകം’ വരുമാനമില്ലാത്തൊരു ബ്ലോഗ്സൈറ്റായതുകൊണ്ടു ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കുന്ന രചനകൾക്കു പ്രതിഫലം നൽകുന്നതല്ല.

പ്രത്യേകതകൾ

മറ്റു പല മലയാളം ബ്ലോഗ്സൈറ്റുകൾക്കുമില്ലാത്ത ചില പ്രത്യേകതകൾ ‘ബ്ലോഗെഴുത്തുലോക’ത്തിനുണ്ട്. അവ വിനയപുരസ്സരം താഴെക്കൊടുക്കുന്നു:

1) എഡിറ്റിംഗ്

ഭൂരിഭാഗം മലയാളം ബ്ലോഗ്സൈറ്റുകൾക്കും എഡിറ്റിംഗ് സംവിധാനമില്ലെന്നാണറിവ്. എന്നാൽ, ‘ബ്ലോഗെഴുത്തുലോകം’ ഓരോ രചനയും ഓരോ പ്രതികരണവും എഡിറ്റിംഗിനു വിധേയമാക്കി, അക്ഷരശുദ്ധിയും വ്യാകരണശുദ്ധിയും വരുത്തിയ ശേഷമേ പ്രസിദ്ധീകരിയ്ക്കുകയുള്ളൂ. രചനകൾക്കു കാഴ്ചയിൽ കൂടുതൽ അടുക്കും ചിട്ടയുമുണ്ടാകാനും സാദ്ധ്യതയുണ്ട്. എഡിറ്റിംഗിനു വിധേയമാക്കിയ രചനകൾ ‘ബ്ലോഗെഴുത്തുലോക’ത്തെ അച്ചടിമാദ്ധ്യമങ്ങളോടടുപ്പിയ്ക്കും.

2)  ഗ്രേഡിംഗ്

‘ബ്ലോഗെഴുത്തുലോകം’ പ്രസിദ്ധീകരിയ്ക്കുന്ന ഓരോ രചനയ്ക്കും ഗ്രേഡു നൽകപ്പെടും. അതിനു പുറമേ, നിശ്ചിതകാലയളവുകൾക്കിടയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട രചനകളിൽ ഏറ്റവും മികച്ചവയെ തെരഞ്ഞെടുക്കുകയും ചെയ്യും. രചനകളുടെ പൊതുനിലവാരമുയരാൻ ഇതു സഹായിയ്ക്കും.

3)  സമ്മാനം

‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന ആദ്യത്തെ ഇരുനൂറു രചനകളിലെ ഓരോ പത്തു രചനകളിൽ നിന്നും ഏറ്റവും നല്ലതായി തെരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്കു സമ്മാനം നൽകുന്ന വ്യവസ്ഥ മറ്റേതെങ്കിലും ബ്ലോഗ്സൈറ്റിൽ നിലവിലുള്ളതായറിവില്ല.

4)  ഈമെയിൽ ഐഡി

മലയാളം ബ്ലോഗ്സൈറ്റുകൾ രചയിതാവിന്റെ ഈമെയിൽ ഐഡി പ്രസിദ്ധീകരിച്ചുകാണാറില്ല. പല ബ്ലോഗ്സൈറ്റുകളിലും പ്രതികരണങ്ങളും പ്രസിദ്ധപ്പെടുത്തിക്കാണാറില്ല. അത്തരം ബ്ലോഗ്സൈറ്റുകളിൽ തങ്ങളുടെ രചനകളെപ്പറ്റി വായനക്കാർക്കുള്ള അഭിപ്രായമറിയാൻ രചയിതാക്കൾക്കും, തങ്ങൾ വായിച്ച രചനകളെപ്പറ്റിയുള്ള അഭിപ്രായമറിയിയ്ക്കാൻ വായനക്കാർക്കും സാധിയ്ക്കാറില്ല. ‘ബ്ലോഗെഴുത്തുലോകം’ രചനയോടൊപ്പം രചയിതാവിന്റെ ഈമെയിൽ ഐഡി കൂടി പ്രസിദ്ധീകരിയ്ക്കും. രചനയെപ്പറ്റിയുള്ള അഭിപ്രായം വായനക്കാർക്കു രചയിതാവിനെ നേരിട്ട്, ഈമെയിൽ വഴി, അറിയിയ്ക്കാൻ ഇതു സഹായകമാകും.

5)  രചനകളുടെ ലിസ്റ്റ്

മുമ്പു വന്നുപോയ രചനകളെ തേടിപ്പിടിച്ചു വീണ്ടും വായിയ്ക്കുക മിക്ക മലയാളം ബ്ലോഗ്സൈറ്റുകളിലും ദുഷ്‌കരമാണ്. അതുകൊണ്ടു പഴയ രചനകളുടെ പുനർവായന അവിടങ്ങളിൽ അധികം നടക്കാറില്ല. എന്നാൽ, ‘ബ്ലോഗെഴുത്തുലോക’ത്തിൽ നിലവിലുള്ള എല്ലാ രചനകളുടേയും ലിങ്കുകൾ (രചനകളുടെ ഗ്രേഡോടൊപ്പം) അടങ്ങിയ ഒരു പട്ടിക ഒരു താളിലുണ്ടാകും. ഒരു രചനയുടെ ലിങ്കിൽ ക്ലിക്കു ചെയ്താൽ രചന നിമിഷനേരം കൊണ്ടു സ്ക്രീനിൽ പ്രത്യക്ഷപ്പെടും.

6)  അംഗത്വം, ലോഗിൻ

പല മലയാളം ബ്ലോഗ്സൈറ്റുകളിലും രചനകൾ പോസ്റ്റു ചെയ്യാനും വായിയ്ക്കാനും അംഗമായി രജിസ്റ്റർ ചെയ്യുകയും ലോഗിൻ ചെയ്യുകയും ആവശ്യമാണ്. ‘ബ്ലോഗെഴുത്തുലോക’ത്തിൽ ഇതുരണ്ടും ആവശ്യമില്ല. ലോകത്തിന്റെ ഏതു വിദൂരകോണിലിരുന്നുകൊണ്ടും, ‘ബ്ലോഗെഴുത്തുലോക’ത്തിലെ രചനകൾ സ്വതന്ത്രമായി, സൗജന്യമായി വായിയ്ക്കാം. ഇതു രചനകളുടെ ‘ഷെയറിംഗും’ അനായാസമാക്കും.

7)  ദീർഘായുസ്സ്

പല മലയാളം ബ്ലോഗ്സൈറ്റുകളും പ്രവർത്തനരഹിതമായിപ്പോയത് ചെലവു താങ്ങാനാകാഞ്ഞതുകൊണ്ടായിരുന്നു എന്നാണറിവ്. ‘ബ്ലോഗെഴുത്തുലോക’ത്തിനു മൂലധനമുടക്കില്ല, ചെലവുകളുമില്ല. അതുകൊണ്ട്, ചെലവു താങ്ങാനാകാത്തതു മൂലം പ്രവർത്തനരഹിതമായിപ്പോകുന്നൊരു സ്ഥിതി ‘ബ്ലോഗെഴുത്തുലോക’ത്തിനുണ്ടാവില്ല. ആറു കോടിയിലേറെ ബ്ലോഗ്സൈറ്റുകളുള്ള വേർഡ്പ്രസ്സും ഏതാണ്ടത്രത്തോളം തന്നെ വലിപ്പമുള്ള ബ്ലോഗറും വളരെക്കാലം പ്രവർത്തനം തുടരാനാണിട. അവരുടേതിനു സമാനമായ ദീർഘായുസ്സു ‘ബ്ലോഗെഴുത്തുലോക’ത്തിനും സാങ്കേതികമായി സാദ്ധ്യമാകും.

8)  സുതാര്യത

രചനകൾ കൈപ്പറ്റിയിരിയ്ക്കുന്ന കാര്യവും, രചനകൾ പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന അല്ലെങ്കിൽ തിരസ്കരിച്ചിരിയ്ക്കുന്ന കാര്യവും മിക്ക മലയാളം ബ്ലോഗ്സൈറ്റുകളും രചയിതാക്കളെ അറിയിയ്ക്കാറില്ല. ‘ബ്ലോഗെഴുത്തുലോകം’ ഇവ രണ്ടും ചെയ്യുന്നതാണ്.

9)  പ്രതികരണങ്ങൾ

രചയിതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ ചില മലയാളം ബ്ലോഗ്സൈറ്റുകളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നതു കാണാനിട വന്നിട്ടുണ്ട്. ഇത്തരം പ്രതികരണങ്ങൾ ‘ബ്ലോഗെഴുത്തുലോക’ത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെടുകയില്ല.

10)  പരസ്യങ്ങളില്ല

പല ബ്ലോഗ്സൈറ്റുകളിലും പരസ്യങ്ങളുടെ അതിപ്രസരം മൂലം സ്വച്ഛവായന അസാദ്ധ്യമായിത്തുടങ്ങിയിരിയ്ക്കുന്നു. വരുമാനം നേടൽ ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ ലക്ഷ്യമല്ലാത്തതുകൊണ്ട്, ‘ബ്ലോഗെഴുത്തുലോക’ത്തിൽ വായനയെ പരസ്യങ്ങൾ അലോസരപ്പെടുത്തുന്ന പ്രശ്‌നമുദിയ്ക്കുന്നില്ല. സ്വൈരവായന ഉറപ്പ്.

11)  പരിധികളില്ല

രചനകളുടെ എണ്ണത്തിനും ദൈർഘ്യത്തിനും ബ്ലോഗെഴുത്തുലോകം പരിധികൾ നിഷ്‌കർഷിച്ചിട്ടില്ലാത്തതുകൊണ്ടു രചയിതാക്കൾക്കു മതിവരുവോളം രചിയ്ക്കാവുന്നതാണ്. “If you have the time and inclination to write, we have the space to publish it.”

‘ബ്ലോഗെഴുത്തുലോക’ത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വാഗതം.

പേജിന്റെ തുടക്കത്തിലേയ്ക്ക്

 

_________________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

_________________________________________________________________________________

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ‘ബ്ലോഗെഴുത്തുലോകം’, ബ്ളോഗുകൾ, ബ്ളോഗെഴുത്തുലോകം, ബ്ളോഗെഴുത്ത്, ബ്ളോഗ്, മലയാളം, Blogezhuththulokam, Malayalam and tagged , , , , , . Bookmark the permalink.